ആരോഗ്യപരമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാനീയമാണ് ഗ്രീൻ ടീ. നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒന്നാണെങ്കിലും അടുത്തിടെ മാത്രമാണ് വളരെയധികം ശ്രദ്ധ നേടുന്നത്. ആൻറി ഓക്സിഡൻറുകൾ, പോളിഫെനോൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ വേഗത്തിലാക്കാനും നിങ്ങളുടെ മൂഡ് സമാധാനപരമായി നിലനിർത്താൻ സഹായിക്കുന്നു.
കാപ്പിയിലേതുപോലെ ഗ്രീൻ ടീയിലും കഫീൻ അടങ്ങിയിട്ടുണ്ട്, പക്ഷേ ഒരു കപ്പ് കാപ്പി അല്ലെങ്കിൽ ബ്ലാക്ക് ടീ പോലുള്ള മറ്റ് പാനീയത്തിനേക്കാൾ വളരെ കുറഞ്ഞ അളവിലാണെന്നു മാത്രം. ചില ക്രീമുകൾ, ഫെയ്സ് മാസ്കുകൾ തുടങ്ങി പല ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും ഗ്രീൻ ടീ ഉപയോഗിക്കുന്നു. ചുളിവുകൾ തടയാനും വാർദ്ധക്യത്തെ ചെറുക്കാനും സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് ക്ഷതം കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കും.
ചർമ്മത്തിലെ സോറിയാസിസ്, താരൻ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഗ്രീൻ ടീ കുടിക്കുന്നത് പുതിയ ചർമ്മകോശങ്ങളുടെ വളർച്ചയ്ക്കും സഹായകമാണ്. ശരീരഭാരം കുറയ്ക്കാനും ഗ്രീൻ ടീ ഗുണം ചെയ്യുന്നു. ഗ്രീൻ ടീ കുടിക്കുകയോ ഗ്രീൻ ടീ ക്യാപ്സൂളുകൾ പതിവായി കഴിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ഗ്രീൻ ടീയിലെ ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്ന രോഗങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യും. ജലദോഷവും മറ്റ് രോഗങ്ങളും തടയാൻ ഇത് സഹായിക്കും.