ശരീരത്തിന് ഏറ്റവും ഗുണകരമായ പഴമാണ് ആപ്പിൾ. അത് രുചികരമായത് മാത്രമല്ല, ശരീരത്തിന് ധാരാളം ഗുണങ്ങളും നൽകുന്നു. ആരോഗ്യത്തെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം തടയാനും കൊളസ്ട്രോൾ കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും സഹായിക്കും. ആസ്ത്മയ്ക്കുള്ള സാധ്യത കുറയ്ക്കാനും അസ്ഥികളെ സംരക്ഷിക്കാനും ചർമ്മരോഗങ്ങൾ കുറയ്ക്കാനും ആപ്പിളിന് സാധിക്കും. മാത്രമല്ല, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹ സാധ്യത കുറയ്ക്കാനും ഡിമെൻഷ്യ തടയാനും ശരീരഭാരം കുറയ്ക്കാനും ആപ്പിൾ ദിവസേന കഴിക്കുന്നത് ശീലമാക്കിയാൽ മതി.
പലതരത്തിലും നിറത്തിലുമുള്ള ആപ്പിളുകൾ വിപണിയിലുണ്ട്. എന്നാൽ, ഇവയെല്ലാം ഒരേ ഗുണമുള്ളവയാണോ? ഓരോ ആപ്പിളിനും വ്യത്യസ്ത പോഷക മൂല്യങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സാധാരണയായി, ഇരുണ്ട നിറമുള്ള ആപ്പിളിൽ കൂടുതൽ ആന്റിഓക്സിഡന്റുകൾ ഉണ്ട്. ആപ്പിൾ കഴിക്കുമ്പോൾ തൊലിയുൾപ്പെടെയാണ് കഴിക്കേണ്ടത്. കാരണം, 50ശതമാനമോ അതിലധികമോ പോഷകങ്ങളും തൊലിയിലാണ് അടങ്ങിയിരിക്കുന്നത്.
ആപ്പിളുകളിൽ ഏതാണ് മികച്ചത് എന്ന് കണ്ടെത്തണ്ടേത് ഓക്സിജൻ റാഡിക്കൽ അബ്സോർബൻസ് കപ്പാസിറ്റി അഥവാ ORAC മൂല്യം നോക്കിയാണ്. ആന്റിഓക്സിഡന്റിന്റെ മൂല്യമാണ് ഇത്. ഉയർന്ന ORAC മൂല്യമുള്ള ഭക്ഷണങ്ങൾ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും.

റെഡ് ഡീലീഷ്യസ്( കടുത്ത നിറത്തിലുള്ള തൊലി) ആപ്പിളിലാണ് ORAC മൂല്യം കൂടുതൽ അടങ്ങിയിട്ടുള്ളത്. തൊലിയുൾപ്പെടെയുള്ള ORAC മൂല്യം 4,275 ആണ്. തൊലിയില്ലാതെയാണ് കഴിക്കുന്നതെങ്കിൽ നേരെ പകുതിയാകും മൂല്യം. പച്ചനിറത്തിലുള്ള ആപ്പിലാണ് ഗ്രാന്നി സ്മിത്ത്. ഇതിൽ 3,898 ആണ് ORAC മൂല്യം.