മണ്ണിനടിയിലെ പൊന്ന് എന്നാണല്ലോ മഞ്ഞളിനെക്കുറിച്ച് പലരും പറയാറ്. ഒരര്‍ത്ഥത്തില്‍ ഇത് ശരിയാണെന്ന് പറയാം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പൊന്നിന്റെ പകിട്ടുണ്ട് മഞ്ഞളിന്. മഞ്ഞളില്ലാത്ത വീടുകള്‍ പോലും അപൂര്‍വ്വമാണ്. മഞ്ഞള്‍ ചായയും ഇന്ന് പലര്‍ക്കും പരിചിതമാണ്. ഗ്രീന്‍ ടീ, ജിഞ്ചര്‍ ടീ, ബ്ലൂ ടീ എന്നിവയുടെ ഗണത്തിലാണ് മഞ്ഞള്‍ ചായയുടെയും സ്ഥാനം. ആരോഗ്യകാര്യത്തില്‍ മഞ്ഞള്‍ചായ ഏറെ മുന്നിലാണ്.
മഞ്ഞള്‍ചായ ഉണ്ടാക്കുന്നതിനായ് അല്പം മഞ്ഞളും ഇഞ്ചിയും വെള്ളത്തിലിട്ട് തിളപ്പിക്കണം. ഇഞ്ചിക്ക് പകരം കറുവപട്ടയോ പുതിന ഇലയോ ചേര്‍ക്കുന്നതും നല്ലതാണ്. മധുരം ആവശ്യമുള്ളവര്‍ക്ക് വേണമെങ്കില്‍ ഒരല്പം മധുരവും ചേര്‍ക്കാം. മഞ്ഞള്‍ ചായയുടെ ചില ആരോഗ്യഗുണങ്ങളെ പരിചയപ്പെടാം.
ശരീരഭാരം കുറയ്ക്കാന്‍- ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോളിനെ നിര്‍വീര്യമാക്കാന്‍ മഞ്ഞള്‍ ചായ സഹായിക്കും. മഞ്ഞളില്‍ ധാരാളം പോളിഫിനോകളുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദോഷകരമായ ടോക്സിനുകള്‍ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും. അതുകൊണ്ടുതന്നെ മഞ്ഞള്‍ ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മഞ്ഞല്‍ ചായ കുടിച്ചതുകൊണ്ട് മാത്രം ശരീരഭാരം കുറയണമെന്നില്ല. കൃത്യമായ വ്യായാമവും ശീലമാക്കണം.
ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍- ദഹനപ്രശ്നം ഇക്കാലത്ത് പലരേയും അലട്ടാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കും മഞ്ഞള്‍ചായ ഉത്തമപരിഹാരമാണ്. മഞ്ഞള്‍ ചായയില്‍ അല്പം പുതിന ഇലയോ തുളസി ഇലയോ ചേര്‍ത്ത് കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റാന്‍ സഹായിക്കും.
കരളിന്റെ ആരോഗ്യത്തിന് പ്രതിരോധശേഷിക്കും- കരള്‍സംബന്ധമായ അസുഖങ്ങളെ ചെറുക്കാനും മഞ്ഞള്‍ ചായ ശീലമാക്കുന്നത് നല്ലതാണ്. ഫാറ്റി ലിവര്‍ പോലുള്ള രോഗാവസ്ഥയെ ചെറുക്കാന്‍ ഇത് സഹായിക്കുന്നു. അതുപോലെതന്നെ മനുഷ്യശരീരത്തിലെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും മഞ്ഞള്‍ ചായ സഹായിക്കുന്നു.