ദേശീയ പോഷക വാരാചരണത്തോട് അനുബന്ധിച്ച് ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് 2017-ല്‍ മിസ് ഇന്ത്യ കിരീടം നേടിയ മാനുഷി ഛില്ലര്‍. ഡോക്ടര്‍ കുടുംബത്തില്‍ നിന്നും വന്ന് മോഡലിങ്ങില്‍ തിളങ്ങിയ മാനുഷി ആരോഗ്യകരമായ ഭക്ഷണരീതിയെ പ്രോത്സാഹിപ്പിക്കുകയാണ് തന്റെ വാക്കുകളിലൂടെ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഭക്ഷണരീതിയെക്കുറിച്ച് പറയുന്നത്.
‘ചെറുപ്പം മുതല്ക്കേ ആരോഗ്യത്തിന്റെ കാര്യത്തിലും പോഷകാഹരത്തിന്റെ കാര്യത്തിലും താനും കുടുംബവും ശ്രദ്ധ ചെലുത്തിയിരുന്നു. പഠനസമയത്ത് ഹോസറ്റലില് നില്‍ക്കേണ്ടി വന്നപ്പോള്‍ അമിതമായി ശരീരഭാരം വര്‍ധിച്ചു. അങ്ങനെയാണ് സ്വയം കുക്ക് ചെയ്യാന്‍ ആരംഭിച്ചതും.’ മാനുഷി ഛില്ലര്‍ പറഞ്ഞു. ശരീയായ രീതിയിലുള്ള പോഷകങ്ങള്‍ ലഭിച്ചാലേ നല്ല ആരോഗ്യം സ്വന്തമാക്കാന്‍ സാധിക്കൂ എന്നും താരം ഓര്‍മ്മപ്പെടുത്തി.
എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളാണ് ദേശീയ പോഷകവാരമായി ആചരിക്കുന്നത്. ആരോഗ്യകരവും പോഷകങ്ങള്‍ നിറഞ്ഞതുമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൃത്യമായ അവബോധം നല്‍കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.