ചുമരിൽ 4കെ ക്വാളിറ്റിയിൽ സിനിമ കാണാം; കിടിലൻ പ്രൊജക്ടറുമായി സാംസംഗ്

Share

വൂഫറും അക്കോസ്റ്റിക് ബീം സറൗണ്ട്‌സ് സൗണ്ടുമടക്കം മികച്ച തിയേറ്റർ എക്സ്പീരിയന്‍സ് ആണ് ദി പ്രീമിയർ വാഗ്ദാനം ചെയ്യുന്നത്

വീട്ടിനകത്തിരുന്ന് തിയേറ്റർ എക്‌സ്പീരിയൻസിൽ സിനിമ കാണാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല. അക്കാര്യം തിരിച്ചറിഞ്ഞ വൻകിട ഇലക്ട്രോണിക് കമ്പനികൾ ടി.വി സ്‌ക്രീനിന്റെ വലിപ്പം കൂട്ടുന്ന മത്സരത്തിലാണ്. അമേരിക്കയിലെ പ്രമുഖ ബജറ്റ് ടെലിവിഷൻ നിർമാതാക്കളായ വിസിയോ പുറത്തിറക്കിയ 120 ഇഞ്ച് ‘റഫറൻസ്’ ആണ് ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ ടി.വി. 4 കെ ക്വാളിറ്റി പ്രദാനം ചെയ്യുന്ന വിസിയോയുടെ റഫറൻസിന് പക്ഷേ, വിപണിയിൽ വലിയ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല.

എന്നാൽ, വീട്ടിലെ ചുമരിനെ 130 ഇഞ്ച് വരെ വലിപ്പവും 4 കെ ക്വാളിറ്റിയുമുള്ള സ്‌ക്രീനാക്കി മാറ്റാനുള്ള കിടിലൻ പ്രൊജക്ടറുമായി രംഗത്തുവന്നിരിക്കുകയാണ് ഇലക്ട്രോണിക് ഭീമൻമാരായ സാംസംഗ്. 85 ഇഞ്ചാണ് സാംസംഗ് ഇതുവരെ പുറത്തിറക്കിയ ടെലിവിഷനുകളിലെ ഏറ്റവും വലുത്. എന്നാൽ, വീട്ടുചുമരിലെ ഒരു ഭാഗം കവർന്നെടുക്കുന്ന ടി.വിക്കു പകരം ചുമരിനെ തന്നെ ഡിസ്‌പ്ലേ സ്‌ക്രീൻ ആക്കുന്ന പ്രൊജക്ടർ ആണ് സാംസംഗിന്റെ പുതിയ ഉൽപ്പന്നം.

വീട്ടിനുള്ളിൽ തിയേറ്റർ എക്‌സ്പീരിയൻസ് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന അൾട്രാ ഷോർട്ട് ലേസർ പ്രൊജക്ടറിന് ‘ദി പ്രീമിയർ’ എന്നാണ് പേര്. വിപണിയിൽ നിലവിൽ ലഭ്യമായ മറ്റ് പ്രൊജക്ടറുകളിൽ നിന്ന് വ്യത്യസ്തമായി, സ്‌ക്രീൻ ആയി ഉപയോഗിക്കാനുദ്ദേശിക്കുന്ന ചുമരിനോട് ചേർന്നു തന്നെ പ്രൊജക്ടർ സ്ഥാപിക്കാം.

സംവിധായകൻ ഉദ്ദേശിക്കുന്ന വിധത്തിൽ സിനിമ ആസ്വദിക്കാൻ പ്രേക്ഷകന് അവസരം നൽകുന്ന ‘ഫിലിംമേക്കർ മോഡ്’ പ്രീമിയറിന്റെ സവിശേഷതാണ്. ഇതാദ്യമായാണ് ഇത്തരമൊരു സൗകര്യം പ്രൊജക്ടറിൽ ലഭ്യമാകുന്നത്. സാംസംഗിന്റെ സ്മാർട്ട് ടി.വി പ്ലാറ്റ്‌ഫോം സഹിതമാണ് പ്രീമിയർ വരുന്നത് എന്നതിനാൽ, നെറ്റ്ഫ്‌ളിക്‌സും ആമസോൺ പ്രൈമും അടക്കമുള്ള എല്ലാ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും മൊബൈൽ കണക്ടിവിറ്റിയും ഇതിലുണ്ടാകും.

വലിയ സ്ഥലംമുടക്ക് ആവശ്യമില്ലാത്ത പ്രൊജക്ടറിൽ തന്നെ കരുത്തുറ്റ വൂഫറും അക്കോസ്റ്റിക് ബീം സറൗണ്ട്‌സ് സൗണ്ടും ഉൾപ്പെടുത്തിയതിനാൽ യഥാർത്ഥ സിനിമാറ്റിക് എക്‌സ്പീരിയൻസ് ലഭ്യമാകുമെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. നിലവിൽ വിപണിയിലുള്ള പ്രൊജക്ടറുകൾക്കെല്ലാം തന്നെ ശബ്ദത്തിനായി മറ്റ് ഉപകരണങ്ങളെ ആശ്രയിക്കേണ്ടതുണ്ട്.

സെപ്തംബർ രണ്ടിന് പ്രഖ്യാപിച്ച ദി പ്രീമിയർ ഇന്ത്യയിലെത്താൻ സമയമെടുക്കുമെന്നാണ് സൂചന. ആദ്യഘട്ടത്തിൽ യു.എസ്, യൂറോപ്പ്, കൊറിയ മാർക്കറ്റുകളിലും 2020 അവസാനത്തോടെ ലോകത്തെ മറ്റ് മാർക്കറ്റുകളിലും ലഭ്യമാകും.

120 ഇഞ്ച്, 130 ഇഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളിൽ എത്തുന്ന ദി പ്രീമിയറിന്റെ വില എത്രയെന്ന് സാംസംഗ് വെളിപ്പെടുത്തിടിയിട്ടില്ല. 120 ഇഞ്ച് ഇനത്ത് 3500 ഡോളറും (2.56 ലക്ഷം രൂപ), 130 ഇഞ്ചിന് 6500 ഡോളറും (4.77 ലക്ഷം രൂപ) വില വരുമെന്നാണ് ഇൻഡസ്ട്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സാംസംഗിന്റെ 85 ഇഞ്ച് ടെലിവിഷന് 14 ലക്ഷത്തിനു മുകളിലാണ് വില. ബജറ്റ് ടി.വികൾക്ക് പേരുകേട്ട വിസിയോ തങ്ങളുടെ 120 ഇഞ്ച് ടി.വി 130,000 ഡോളറാണ് (96 ലക്ഷം രൂപ) വിലയിട്ടിരുന്നത്.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments