പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

Share

പച്ചക്കറികള്‍ വളരെ എളുപ്പത്തില്‍ കേടാകുന്നത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ കുറച്ചധികം ദിവസങ്ങള്‍ പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാനാകും. പച്ചക്കറികള്‍ നേരേ ഫ്രിഡ്ജിലേക്ക് വയ്ക്കാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വാങ്ങുന്ന എല്ലാ പച്ചക്കറികളും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ആവശ്യവുമില്ല. ഓരോ പച്ചക്കറിയും ഓരോ വിധത്തിലാണ് സൂക്ഷിക്കേണ്ടതും. കഴുകി വൃത്തിയാക്കിയ ശേഷം വേണം പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍. മാത്രമല്ല ഓരോ വിഭാഗം പച്ചക്കറിയും പ്രത്യേകം തരംതിരിച്ചും വയ്ക്കണം.

വളരെ എളുപ്പത്തില്‍ കേടാകുന്ന ഒന്നാണ് കറിവേപ്പില. അതുകൊണ്ടുതന്നെ കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും നിരവധിയാണ്. കറിവേപ്പില ആദ്യം വ്യത്തിയായി കഴുകണം. ശേഷം ഇതിലെ വെള്ളമെല്ലാം വാര്‍ന്നു പോകുന്നതുവരെ കാത്തിരിക്കണം. കോട്ടണ്‍ ടവല്ലോ ടിഷ്യു പേപ്പറോ ഉപയോഗിച്ചും ജലാംശം കളയാം. അടച്ചുറപ്പുള്ള ചില്ലുപാത്രത്തില്‍ ഇതളുകള്‍ അടര്‍ത്തി കറിവേപ്പില ഫ്രിഡ്ജില്‍ വയ്ക്കാം. ഇങ്ങനെ ചെയ്താല്‍ ആഴ്ചകളോളം കേടുകൂടാതെയിരിക്കുകയും ചെയ്യും കറിവേപ്പില.

ഇനി തക്കാളിയുടെ കാര്യമാണെങ്കിലോ… നല്ലതുപോലെ പഴുത്ത തക്കാളി മാത്രം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ മതിയാകും. ഒരുപാട് പഴുക്കാത്ത തക്കാളി പുറത്ത് സൂക്ഷിക്കാം. ഇനി മുറിച്ച തക്കാളിയുടെ പകുതിയാണ് എങ്കില്‍ അടച്ചുറപ്പുള്ള കണ്ടെയ്‌നറില്‍ സൂക്ഷിച്ചാല്‍ മതിയാകും. അതുപോലെ തന്നെ പുറത്തിരിക്കുന്ന തക്കാളിയുടെ സമീപത്ത് വെള്ളരിക്ക വെച്ചാല്‍ അവ വേഗത്തില്‍ കേടാകും. പരമാവധി മൂന്ന് ദിവസം മാത്രമേ വെള്ളരിക്ക ഫ്രിഡ്ജില്‍ സൂക്ഷിക്കാവൂ.

ഉരുളക്കിഴങ്ങും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. പുറത്ത് വെച്ചാല്‍ മതിയാകും. മാത്രമല്ല എപ്പോഴും ഉരുളക്കിഴങ്ങ് ഒറ്റയ്ക്ക് വയ്ക്കാനും ശ്രദ്ധിക്കുക. അതായത് ഇതിനൊപ്പം സവോളയോ ആപ്പിളോ ഒന്നും വയ്ക്കരുത്. സവോള, ആപ്പിള്‍ തുടങ്ങിയവയില്‍ നിന്നുണ്ടാകുന്ന എഥിലെന്‍ വാതകം ഉരുളക്കിഴങ്ങിന് മുള വരാന്‍ കാരണമാകും.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments